Sunday, February 20, 2011

ഗോവിന്ദേട്ടന്‍

കഥ  
   ഞങ്ങള്‍ ചാവട്ടുകാര്‍ക്ക് കഴിഞ്ഞ പത്തമ്പതു വര്‍ഷമായി വീട്ടില്‍ നിന്നിറങ്ങിയാല്‍ ചായ കുടിക്കാനുള്ള ഏക ആശ്രയമാണ് ബാലേട്ടന്റെ ചായക്കട.  അന്നും ഇന്നും പൊറോട്ടയും മരച്ചീനി കൊണ്ടുള്ള കറിയുമാണ് ഇവിടുത്തെ പ്രധാന വിഭവം. അടുത്ത അമ്പലത്തിലെ ഉത്സവ ദിവസം ബീഫ് കറി സ്പെഷ്യലായി ഉണ്ടാക്കും. രണ്ടു ബെഞ്ചും രണ്ടു മേശയും. മേശ എന്നു പറയാന്‍ പറ്റില്ല. നാലു കാലുള്ള ഒരു പലകക്കഷണം. ഇത്രയും വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും അവിടെ വന്നിട്ടില്ല. ബെഞ്ചിന്റെയും മേശയുടെയും കാലുകള്‍ ഇളകുമ്പോല്‍ ആശാരി ഗോപാലേട്ടന്‍ അത് ആപ്പുവെച്ച് ഉറപ്പിക്കും. തികച്ചും സൌജന്യമായി. ഞങ്ങളുടെ നാട്ടിലെ വൃദ്ധന്മാര്‍ മുതല്‍ കുട്ടികള്‍ വരെ ഒഴിവു സമയങ്ങളില്‍ നേരം പോക്കുന്നത് ഇവിടെ ഇരുന്നാണ്. ബാലേട്ടന് ഇതില്‍ പരാതി ഇല്ലെന്നു മാത്രമല്ല മൂപ്പരും ഞങ്ങളോടൊപ്പം കൂടും.
    ബാലേട്ടന്റെ ചായക്കടയിലെ ബെഞ്ചിലേക്ക് കാലു കയറ്റിവെച്ച് ഇരിക്കുകയാണ്ഗോവിന്ദേട്ടന്‍. ഒരു പ്രത്യേക തരത്തിലാണ് ഗോവിന്ദേട്ടന്‍ ഇരിക്കുക. ഇടതു കാല്‍ ബെഞ്ചില്‍ പൂര്‍ണമായി പതിച്ചംവെച്ച്, വലതു കാല്‍മുട്ട് ഉയര്‍ത്തി ഇടതുകൈ മേശയിലേക്ക് പതിച്ചുള്ള ആ ഇരിപ്പു കണ്ടാലറിയാം, ഗോവിന്ദേട്ടന്‍ കഥ (അനുഭവം) പറയാന്‍ തുടങ്ങുകയാണ്. പത്രഭാഷയിലാണ് സംസാരം തുടങ്ങുകയെങ്കിലും ക്ലൈമാക്സിലെത്തിയാല്‍ നാടനാവും. ('അച്ചടി ഗോവിന്ദന്‍' എന്നൊരു പേര് ഗോവിന്ദേട്ടനുണ്ട്).സത്യസന്ധമായ അവതരണമാണ് മൂപ്പരുടേത്. ഞങ്ങള്‍ അരികിലേക്ക് ചേര്‍ന്നിരുന്നു.  "പൊഴത്തീരത്തു കൂടിയുള്ള ആ റോഡ്, വളവു തിരിഞ്ഞാല്‍ ഒരു കയറ്റമാണ്. " ഗോവിന്ദേട്ടന്‍ പറഞ്ഞു തുടങ്ങി. കയറ്റമെന്നു പറഞ്ഞാല്‍ അത്ര വല്യ കയറ്റോന്ന്വല്ല. എന്നാലും കയറ്റമാണ്. ഒരു വശത്ത് പള്ളി. മറ്റേ ഭാഗത്ത് പൊഴ. രണ്ടു ഭാഗവും കാടു പിടിച്ചു കിടക്കുന്നു. പള്ളിപ്പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന വല്യ മരങ്ങള്‍. അതു വഴി വന്നാല്‍ പകല്‍ പോലും പേട്യാവും. പ്രേതത്തെ പലരും കണ്ടിട്ടുണ്ടത്രേ അവിടെ. പത്തു മുപ്പതു കൊല്ലം മുമ്പാണ്, ലക്ഷ്മി ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ സിനിമയും കണ്ട് വര്വാണ് ഞാന്‍. വെളിച്ചംന്ന് പറയാന്‍ ഒരു മെഴുകുതിരി മാത്രം. വലത്തേ കൈ കുമ്പിളു പോലാക്കി വിരലുകള്‍ക്കിടയിലൂടെ പിടിച്ചുകൊണ്ടാണ് വരവ്. പൊഴേന്റടുത്തെത്തുമ്പോ ഏതൊരുത്തനും ഒന്നു വെറയ്ക്കും. കാറ്റടിച്ച് മെഴുകുതിരി  കെട്ടു. ട്രൌസറിന്റെ കീശയില്‍ നിന്നും തീപ്പെട്ടിയെടുത്ത് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് എതിര്‍വശത്ത് ഒരു വെളിച്ചം. ആദ്യം ഞാനതത്ര കാര്യമാക്കിയില്ല. അത് പെട്ടന്ന് ഇല്ലാതായി. വീണ്ടും കത്തി, കെട്ടു. കൂടാതെ മണി കിലുങ്ങുന്ന ഒച്ചയും. പ്രേതം തന്നെ ഞാനുറപ്പിച്ചു. എന്റെ കാലിലൂടെ ഒരു വിറയല്‍ മുകളിലോട്ട് കയറി. ഞാന്‍ പിന്നോട്ട് തിരിഞ്ഞു നോക്കി. കൂരിരുട്ട്. പിന്നോട്ടും മുന്നോട്ടും പോകാന്‍ കഴിയാത്ത അവസ്ഥ. ഇടയ്ക്കിടെയുള്ള വെളിച്ചവും മണിയൊച്ചയും കൂടിക്കൂടി വന്നു. അത് എന്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു. കരച്ചില്‍പോലും പുറത്തേക്ക് വരുന്നില്ല.  പ്രേതത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നതു മാത്രമായിരുന്നു എന്റെ ചിന്ത. പിന്നീടൊന്നും ആലോചിച്ചില്ല. എതിരെ വന്ന രൂപത്തെയും കടന്നു ഞാന്‍ ഓടി.
    "എന്റമ്മോ..." പിന്നില്‍ നിന്നൊരു നിലവിളി. ധൈര്യം സംഭരിച്ച് ഞാന്‍ നിന്നു. ഞരക്കവും മൂളലും പിന്നെയും കേട്ടു. ഒരു മനുഷ്യനാ​ണെന്ന് ​എനിക്കു തോന്നി. "അമ്മേ.." പിന്നെയും നിലവിളി. ഞാന്‍ തീപ്പെട്ടിയെടുത്ത് മെഴുകുതിരി കത്തിച്ചു. പേടിയോടെയാണെങ്കിലും ഒച്ച കേട്ട സ്ഥലത്തേക്ക് ചെന്നു. മെഴുകുതിരി വെട്ടത്തില്‍ അവിടെ കണ്ട കാഴ്ച എന്നെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നിലത്തു വീണു കിടക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ മീതെ ഒരു സൈക്കിള്‍. എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. "ആരാ?" ഞന്‍ ചോദിച്ചു. "ഞാനാ നാരാണന്‍.. നിങ്ങളാരാ.. ? " ഉത്തരത്തോടൊപ്പം ചോദ്യവും. ഞാന്‍ മെഴുകുതിരി അടുത്തേക്ക് പിടിച്ചു. നോക്കുമ്പോഴാരാ ? "ആരാ " ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു. "നിങ്ങക്കറിയോന്നറിയേല, നമ്മുടെ തെക്കേലെ നാരാണേട്ടന്‍. "ഗോയിന്നാ എന്റടുത്തൂട എന്തോ ഒരു സാധനം കുതിച്ചു പായുന്നേ ഞാന്‍ കണ്ടിക്ക്. എന്താന്ന് എനക്ക് തിരിഞ്ഞിക്കില്ല. ഞാന്‍ പേടിച്ച് വീകലും കയിഞ്ഞിക്ക്." അതെന്താണെന്നു മാത്രം ഞാന്‍ നാരാണേട്ടനോട് പറഞ്ഞിട്ടില്ല. " നാരാണേട്ടന്‍ പെങ്ങളെ പൊരേന്ന് വര്വാ സൈക്കളിമ്മല്. കയറ്റായപ്പോ ഇറങ്ങി ഉന്തി. സൈക്കിളിന്റെ ബെല്ല് ലൂസായിക്കെടക്കുന്നോണ്ട് കുഴീല് ഇറങ്ങുമ്പോ അത് കുലുങ്ങും. ലൈറ്റ് കെടും. ഇത് കണ്ടിറ്റാ ഞാന്‍ പ്രേതാന്ന് കരുതീത്. ഞാനല്ല നിങ്ങളായാലും പേടിക്കും അതല്ലേ സ്ഥലം?.

3 അഭിപ്രായങ്ങള്‍:

കൂതറHashimܓ said...

:)
പേടിക്കഥ

Manoraj said...

എന്റെ ബ്ലോഗിന്റെ പേരിലൊരൂ ബ്ലോഗ് കണ്ടാണ് ഓടികയറിയത്. കഥയുടെ അവസാനം ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയട്ടോ

രമേശ്‌ അരൂര്‍ said...

ഗോവിന്നേട്ടന്റെ കഥ കൊള്ളാം ,,,:)