Sunday, February 5, 2012

അന്യമാകുന്ന കാഴ്ചകള്‍

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചാവട്ട് വയലില്‍ നിന്ന് ഒരു ദൃശ്യം.

Friday, September 9, 2011

കാലം മറയ്ക്കാത്ത കാഴ്ചകള്‍

ഓണത്തോടനുബന്ധിച്ച് വീടുകള്‍ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടന്‍.
കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ ചാവട്ട് നിന്നൊരു രംഗം.
വടക്കേ മലബാറില്‍  ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ്‌ ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും പേരുണ്ട് . ഓണത്തെയ്യത്തില്‍ത്തന്നെ  സംസാരിക്കാത്ത തെയ്യമാണ്‌ ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപ്പൊട്ടന്‍  എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌.
മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്‌.ഓണപ്പൊട്ടന്‍ ഓരോവീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നല്‍കാറുണ്ട്.

Sunday, February 20, 2011

ഗോവിന്ദേട്ടന്‍

കഥ  
   ഞങ്ങള്‍ ചാവട്ടുകാര്‍ക്ക് കഴിഞ്ഞ പത്തമ്പതു വര്‍ഷമായി വീട്ടില്‍ നിന്നിറങ്ങിയാല്‍ ചായ കുടിക്കാനുള്ള ഏക ആശ്രയമാണ് ബാലേട്ടന്റെ ചായക്കട.  അന്നും ഇന്നും പൊറോട്ടയും മരച്ചീനി കൊണ്ടുള്ള കറിയുമാണ് ഇവിടുത്തെ പ്രധാന വിഭവം. അടുത്ത അമ്പലത്തിലെ ഉത്സവ ദിവസം ബീഫ് കറി സ്പെഷ്യലായി ഉണ്ടാക്കും. രണ്ടു ബെഞ്ചും രണ്ടു മേശയും. മേശ എന്നു പറയാന്‍ പറ്റില്ല. നാലു കാലുള്ള ഒരു പലകക്കഷണം. ഇത്രയും വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും അവിടെ വന്നിട്ടില്ല. ബെഞ്ചിന്റെയും മേശയുടെയും കാലുകള്‍ ഇളകുമ്പോല്‍ ആശാരി ഗോപാലേട്ടന്‍ അത് ആപ്പുവെച്ച് ഉറപ്പിക്കും. തികച്ചും സൌജന്യമായി. ഞങ്ങളുടെ നാട്ടിലെ വൃദ്ധന്മാര്‍ മുതല്‍ കുട്ടികള്‍ വരെ ഒഴിവു സമയങ്ങളില്‍ നേരം പോക്കുന്നത് ഇവിടെ ഇരുന്നാണ്. ബാലേട്ടന് ഇതില്‍ പരാതി ഇല്ലെന്നു മാത്രമല്ല മൂപ്പരും ഞങ്ങളോടൊപ്പം കൂടും.
    ബാലേട്ടന്റെ ചായക്കടയിലെ ബെഞ്ചിലേക്ക് കാലു കയറ്റിവെച്ച് ഇരിക്കുകയാണ്ഗോവിന്ദേട്ടന്‍. ഒരു പ്രത്യേക തരത്തിലാണ് ഗോവിന്ദേട്ടന്‍ ഇരിക്കുക. ഇടതു കാല്‍ ബെഞ്ചില്‍ പൂര്‍ണമായി പതിച്ചംവെച്ച്, വലതു കാല്‍മുട്ട് ഉയര്‍ത്തി ഇടതുകൈ മേശയിലേക്ക് പതിച്ചുള്ള ആ ഇരിപ്പു കണ്ടാലറിയാം, ഗോവിന്ദേട്ടന്‍ കഥ (അനുഭവം) പറയാന്‍ തുടങ്ങുകയാണ്. പത്രഭാഷയിലാണ് സംസാരം തുടങ്ങുകയെങ്കിലും ക്ലൈമാക്സിലെത്തിയാല്‍ നാടനാവും. ('അച്ചടി ഗോവിന്ദന്‍' എന്നൊരു പേര് ഗോവിന്ദേട്ടനുണ്ട്).സത്യസന്ധമായ അവതരണമാണ് മൂപ്പരുടേത്. ഞങ്ങള്‍ അരികിലേക്ക് ചേര്‍ന്നിരുന്നു.  "പൊഴത്തീരത്തു കൂടിയുള്ള ആ റോഡ്, വളവു തിരിഞ്ഞാല്‍ ഒരു കയറ്റമാണ്. " ഗോവിന്ദേട്ടന്‍ പറഞ്ഞു തുടങ്ങി. കയറ്റമെന്നു പറഞ്ഞാല്‍ അത്ര വല്യ കയറ്റോന്ന്വല്ല. എന്നാലും കയറ്റമാണ്. ഒരു വശത്ത് പള്ളി. മറ്റേ ഭാഗത്ത് പൊഴ. രണ്ടു ഭാഗവും കാടു പിടിച്ചു കിടക്കുന്നു. പള്ളിപ്പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന വല്യ മരങ്ങള്‍. അതു വഴി വന്നാല്‍ പകല്‍ പോലും പേട്യാവും. പ്രേതത്തെ പലരും കണ്ടിട്ടുണ്ടത്രേ അവിടെ. പത്തു മുപ്പതു കൊല്ലം മുമ്പാണ്, ലക്ഷ്മി ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ സിനിമയും കണ്ട് വര്വാണ് ഞാന്‍. വെളിച്ചംന്ന് പറയാന്‍ ഒരു മെഴുകുതിരി മാത്രം. വലത്തേ കൈ കുമ്പിളു പോലാക്കി വിരലുകള്‍ക്കിടയിലൂടെ പിടിച്ചുകൊണ്ടാണ് വരവ്. പൊഴേന്റടുത്തെത്തുമ്പോ ഏതൊരുത്തനും ഒന്നു വെറയ്ക്കും. കാറ്റടിച്ച് മെഴുകുതിരി  കെട്ടു. ട്രൌസറിന്റെ കീശയില്‍ നിന്നും തീപ്പെട്ടിയെടുത്ത് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് എതിര്‍വശത്ത് ഒരു വെളിച്ചം. ആദ്യം ഞാനതത്ര കാര്യമാക്കിയില്ല. അത് പെട്ടന്ന് ഇല്ലാതായി. വീണ്ടും കത്തി, കെട്ടു. കൂടാതെ മണി കിലുങ്ങുന്ന ഒച്ചയും. പ്രേതം തന്നെ ഞാനുറപ്പിച്ചു. എന്റെ കാലിലൂടെ ഒരു വിറയല്‍ മുകളിലോട്ട് കയറി. ഞാന്‍ പിന്നോട്ട് തിരിഞ്ഞു നോക്കി. കൂരിരുട്ട്. പിന്നോട്ടും മുന്നോട്ടും പോകാന്‍ കഴിയാത്ത അവസ്ഥ. ഇടയ്ക്കിടെയുള്ള വെളിച്ചവും മണിയൊച്ചയും കൂടിക്കൂടി വന്നു. അത് എന്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു. കരച്ചില്‍പോലും പുറത്തേക്ക് വരുന്നില്ല.  പ്രേതത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നതു മാത്രമായിരുന്നു എന്റെ ചിന്ത. പിന്നീടൊന്നും ആലോചിച്ചില്ല. എതിരെ വന്ന രൂപത്തെയും കടന്നു ഞാന്‍ ഓടി.
    "എന്റമ്മോ..." പിന്നില്‍ നിന്നൊരു നിലവിളി. ധൈര്യം സംഭരിച്ച് ഞാന്‍ നിന്നു. ഞരക്കവും മൂളലും പിന്നെയും കേട്ടു. ഒരു മനുഷ്യനാ​ണെന്ന് ​എനിക്കു തോന്നി. "അമ്മേ.." പിന്നെയും നിലവിളി. ഞാന്‍ തീപ്പെട്ടിയെടുത്ത് മെഴുകുതിരി കത്തിച്ചു. പേടിയോടെയാണെങ്കിലും ഒച്ച കേട്ട സ്ഥലത്തേക്ക് ചെന്നു. മെഴുകുതിരി വെട്ടത്തില്‍ അവിടെ കണ്ട കാഴ്ച എന്നെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നിലത്തു വീണു കിടക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ മീതെ ഒരു സൈക്കിള്‍. എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. "ആരാ?" ഞന്‍ ചോദിച്ചു. "ഞാനാ നാരാണന്‍.. നിങ്ങളാരാ.. ? " ഉത്തരത്തോടൊപ്പം ചോദ്യവും. ഞാന്‍ മെഴുകുതിരി അടുത്തേക്ക് പിടിച്ചു. നോക്കുമ്പോഴാരാ ? "ആരാ " ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു. "നിങ്ങക്കറിയോന്നറിയേല, നമ്മുടെ തെക്കേലെ നാരാണേട്ടന്‍. "ഗോയിന്നാ എന്റടുത്തൂട എന്തോ ഒരു സാധനം കുതിച്ചു പായുന്നേ ഞാന്‍ കണ്ടിക്ക്. എന്താന്ന് എനക്ക് തിരിഞ്ഞിക്കില്ല. ഞാന്‍ പേടിച്ച് വീകലും കയിഞ്ഞിക്ക്." അതെന്താണെന്നു മാത്രം ഞാന്‍ നാരാണേട്ടനോട് പറഞ്ഞിട്ടില്ല. " നാരാണേട്ടന്‍ പെങ്ങളെ പൊരേന്ന് വര്വാ സൈക്കളിമ്മല്. കയറ്റായപ്പോ ഇറങ്ങി ഉന്തി. സൈക്കിളിന്റെ ബെല്ല് ലൂസായിക്കെടക്കുന്നോണ്ട് കുഴീല് ഇറങ്ങുമ്പോ അത് കുലുങ്ങും. ലൈറ്റ് കെടും. ഇത് കണ്ടിറ്റാ ഞാന്‍ പ്രേതാന്ന് കരുതീത്. ഞാനല്ല നിങ്ങളായാലും പേടിക്കും അതല്ലേ സ്ഥലം?.

Wednesday, February 2, 2011

കാന്താരി

കവിത
അടുക്കളയിലെ
കറിക്കലത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടയും
നീളന്‍ കാലുകള്‍ വെച്ച്
പുറത്തുചാടി.
തക്കാളിയും വഴുതിനങ്ങയും
കുടവയര്‍  ഉയര്‍ത്താനാകാതെ
പുറത്തേക്ക് തലയിട്ടു.
എല്ലാവരുടേയും
തോളോടുചേര്‍ന്ന
സവാള
അനങ്ങാനാകാതെ
കിടന്നിടത്തുനിന്നലറി
"കൂടെ കലത്തില്‍ കയറിയ
ഇവനേതാ ഈ നാടന്‍?
എന്‍ഡോസള്‍ഫാനില്‍
ജനിച്ച്, ജീവിച്ച
ഞങ്ങളോടൊപ്പം
ആ നാടന്‍ കാന്താരിയോ?"
നാടന്‍ പച്ചമുളക്
കറിക്കലത്തിലേറ്റിയ
പാവം വീട്ടമ്മ !
തലയില്‍ കൈവെച്ചു.
കാന്താരിയുടെ ശൗര്യമോ
കാഴ്ചയിലെ ചെറുപ്പമോ
എന്താണിവരെ
പ്രകോപിപ്പിച്ചത്?

Sunday, January 30, 2011

ഉദയം

കന്യാകുമാരിയിലെ സൂര്യോദയം.

മുക്കടല്‍ സംഗമ വേദിയില്‍ യവനിക-
നീക്കി; പ്രഭ ചൊരിഞ്ഞെത്തീയര്‍ക്കന്‍.

കാര്‍മേഘ മാലകള്‍ അടരാടി; ജയിക്കുവാന്‍!
ചെമ്മേയുയരുന്ന അര്‍ക്കനോടൊക്കുമോ ?

Saturday, January 29, 2011

പാഠം

പൂവ് 
മുടിയിലില്ലൊട്ടുമേ സൌന്ദര്യം പൂവിന്
ചെടിയിലാണതിന്‍ സൌരഭ്യം മുഴുക്കെയും

കള്ളം
കള്ളം പറയരുതെള്ളോളം
ഉള്ളില്‍ തോന്നുവതെന്നാലും

ചിരി
വെളുക്കെ ചിരിച്ചു നടക്കുന്നവരില്‍ 
കളങ്കമൊരോത്തിരി  കണ്ടേക്കാം.

ചതി
അതിവിനയം കാട്ടുന്നവനൊരു 
ചതിയനതാകാം സൂക്ഷിച്ചോളുക.

Friday, January 28, 2011

ചിക്കുന്‍ ഗുനിയ

കവിത 
ചിക്കുന്‍ ഗുനിയ വന്നു ഭവിച്ചാല്‍
ആക്കം കുറയും തൂക്കം കുറയും
പനിയായിട്ടിത് വന്നീടുന്നു
മേനിയിലാകെ വേദനയും
കാലിനു വേദന കയ്യിനു വേദന
മുട്ടിനു വിരലിനു നടുവിന് വേദന
കോമരം നിന്ന് വിറയ്ക്കുന്നപോലെ
വിറയുന്ന കൂട്ടരും കുറവല്ല പാരില്‍
ഭക്ഷണമല്പം  കഴിച്ചെന്നാലോ
തല്‍ക്ഷണമത് ഛര്‍ദ്ദിപ്പോരും
മേനിയിലാകെ ചുവന്നു തുടുത്തിട്ട-
ങ്ങനെയിങ്ങനെ ചൊറിയുന്നോരും
കാലു തടിച്ചോര്‍, കയ്യു തടിച്ചോര്‍
മേനിയതാകെ വീങ്ങിത്തടിച്ചോര്‍
ഇങ്ങനെ പലതാണിതിനുടെ ലക്ഷണ-
മെങ്ങനെയിവിടെ ജീവിച്ചീടും.